മമ്മൂട്ടി നോ പറഞ്ഞിരുന്നുവെങ്കില്‍ ചിലപ്പോള്‍ പേരന്‍പ് എന്ന ചിത്രം ഉണ്ടാകുമായിരുന്നില്ല; വെളിപ്പെടുത്തലുമായി പേരന്‍പിന്റെ സംവിധായകന്‍….

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരന്‍പ് ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണമാണ് നേടിയത് എന്നാല്‍ മമ്മൂട്ടി നോ എന്ന് പറഞ്ഞിരുന്നെങ്കില്‍ പേരന്‍പ് എന്ന ചിത്രം ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ലെന്നാണ് സംവിധായകന്‍ റാം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്.

‘നടി പത്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവര്‍ വഴിയാണ് മമ്മൂട്ടിയെ കാണാന്‍ അവസരം ലഭിക്കുന്നത്. പാലക്കാട് ഷൂട്ടിങ് ലൊക്കേഷനില്‍ പോയാണ് മമ്മൂട്ടിയെ കാണുന്നത്. സിനിമയെക്കുറിച്ച് പറഞ്ഞ് കേള്‍പ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. അതെനിക്ക് ശരിക്കും അതിശയമായിരുന്നു. കാരണം ഞാന്‍ സിനിമയുടെ ഐഡിയ ആണ് പറഞ്ഞത്. തിരക്കഥ എഴുതിയിട്ടില്ലെന്നും മമ്മൂക്കയ്ക്ക് ഐഡിയ ഇഷ്ടപ്പെടുകയാണെങ്കില്‍ തിരക്കഥ എഴുതാമെന്നുമാണ് പറഞ്ഞത്. പക്ഷേ അദ്ദേഹം സ്‌ക്രിപ്റ്റില്ലാതെ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കില്‍ ചിലപ്പോള്‍ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല.’ റാം പറഞ്ഞു.

സുകൃതം കണ്ടപ്പോഴെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും റാം കൂട്ടിച്ചേര്‍ത്തു. ‘കോയമ്പത്തൂരില്‍ വച്ച് എനിക്ക് 16 വയസ്സുളളപ്പോഴാണ് ‘സുകൃതം’ കാണുന്നത്. സിനിമ കണ്ടിട്ട് തിരിച്ചു ബസ്സില്‍ പോകാന്‍ എന്റെ കൈയ്യില്‍ പണം തികയില്ലായിരുന്നു. കാരണം കൈയ്യിലിരുന്ന പൈസയ്ക്കാണ് ടിക്കറ്റ് എടുത്തത്. അങ്ങനെ കിലോമീറ്ററോളം ഞാന്‍ സിനിമയെക്കുറിച്ച് ചിന്തിച്ചു നടന്നു. അന്നേ ചിന്തിച്ചിരുന്നു സംവിധായകനായാല്‍ മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യുമെന്ന്. അത് ടീനേജ് കാലത്തെ ഒരു മോഹമായിരുന്നു. പക്ഷേ സംവിധായകനായപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യണമെന്ന്.’

അതേസമയം പേരന്‍പിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 27 മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്കുള്ളത്. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7 നായിരിക്കും പേരന്‍പ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17-ാം സ്ഥാനത്ത് റാം സംവിധാനം ചെയ്ത ഈ ചിത്രം എത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17-ാം സ്ഥാനത്തെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനുമായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

Add Comment