വിനീതിന് അവാര്‍ഡ് കിട്ടുന്നത് കാണുന്നതേ പേടിയാണ് : ശ്രീനിവാസന്‍

മകന്‍ വിനീതിന് അവാര്‍ഡ് കിട്ടുന്നത് കാണുന്നതേ പേടിയാണെന്ന് നടന്‍ ശ്രീനിവാസന്‍. മകന്‍ വിനീതിനോട് അവാര്‍ഡുമായി വീട്ടില്‍ കയറരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു . മകന് കിട്ടിയ അവാര്‍ഡുകളും മൊമന്റോകളും തട്ടി വീട്ടില്‍ നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണുള്ളത്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന്റെ ഇടയിലാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍.
വിനീതും ശ്രീനിവാസനും പ്രധാന ക്ഥാപാച്രമായി എത്തിയ ചിത്രം വന്‍ വിജയം തീര്‍ത്തതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. വിജയാഘോഷ ചടങ്ങില്‍ വിനീത്, ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഉര്‍വശി, നിഖില, ശാന്തി കൃഷ്ണ, കോട്ടയം നസീര്‍, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ സിനിമയിലെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

സംവിധായകന്‍ സത്യന്‍ അന്തിക്കാടും അതിഥിയായി എത്തിയിരുന്നു.
കൂട്ടായ്മയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പിന്നിലെന്ന് വിനീത് പറഞ്ഞു. തിരക്കഥ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് നിരവധി തവണ വായിച്ചിരുന്നു ഇത് ഏറെ ഗുണമുണ്ടാക്കിയ കാര്യമായിരുന്നുവെന്ന് വിനീത് പറയുന്നു. ചിത്രത്തില്‍ പലരുടേയും അഭിനയം കണ്ട് അമ്ബരന്ന് പോയ സമയവും ചിത്രീകരണ സമയത്തുണ്ടായിയെന്ന് വിനീത് പറഞ്ഞു. ഇതിന് മുമ്ബ് ചാപ്പാക്കുരിശ് എന്ന സിനിമയുടെ സെറ്റിലാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. അന്ന് ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിത്തരിച്ചിരുന്ന് പോയിരുന്നുവെന്നും വിനീത് പറഞ്ഞു. ഉര്‍വശി ചേച്ചിയുടെ അഭിനയമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

അഭിനയത്തില്‍ ഒരുപാട് രസതന്ത്രം അറിയാവുന്ന അഭിനേത്രിയാണ് അവരെന്ന് വിനീത് വിശദമാക്കി.വിനീത് പ്രസംഗത്തിന് ശേഷമായിരുന്നു പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച്‌ ശ്രീനിവാസന്‍റെ മറുപടി പ്രസംഗം. സിനിമയ്ക്ക് രണ്ട് അഭിപ്രായമുണ്ട്. ചില സംവിധായകരും നിര്‍മാക്കളുമൊക്കെ പലപ്പോഴും ഇങ്ങനെ പറയാറുണ്ട്. അതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. ഭരതേട്ടന്റെ ഒരു പുതിയ ചിത്രം റിലീസ് ചെയ്യുന്നു. സിനിമയുടെ വിധി എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ അദ്ദേഹം തൃശൂരുള്ള സംവിധായകന്‍ പവിത്രനെ വിളിച്ച്‌ ചോദിക്കുന്നു. പവിത്രാ എന്റെ സിനിമ റിലീസ് ചെയ്തു, എന്തെങ്കിലും കേട്ടോയെന്ന് .

പവിത്രന്റെ മറുപടിയാണ് രസകരം, ഭരതേട്ടാ രണ്ട് അഭിപ്രായമുണ്ട്, പടം മോശമല്ലേ എന്നൊരു അഭിപ്രായം, പടം വളരെ മോശമല്ലേ എന്നൊരു അഭിപ്രായം കൂടി. വിനീതിന്റെ പ്രസംഗത്തില്‍ നിന്നും കുറച്ച്‌ കാര്യങ്ങള്‍ പറയാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന മുഖവുരയോടെയായിരുന്നു ശ്രീനിവാസന്റെ പ്രസംഗം.

Add Comment